നമ്മുടെ സംരംഭങ്ങള്‍

From Wikimedia Foundation Governance Wiki
Revision as of 20:29, 17 January 2009 by Guillom (talk | contribs) (PNG --> SVG)

Template:ProjectsLang

വിക്കിമീഡിയ സംരംഭങ്ങള്‍

വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ സംരംഭങ്ങളും അവയുടെ ഉപയോക്താക്കള്‍ മീഡിയാവിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പരസ്പരസഹകരണത്തിലൂടെ രൂപപ്പെടുത്തിയവയാണ്. എല്ലാ സംഭാവനകളും GNU സ്വതന്ത്ര അനുമതിപത്രപ്രകാരം സ്വതന്ത്രമാണ് (Creative Commons Attribution 2.5 ഉപയോഗിക്കുന്ന വിക്കിവാര്‍ത്തകളിലെ സംഭാവനകള്‍ ഒഴിച്ച്), എന്നു വച്ചാല്‍ ഈ സംരംഭങ്ങളിലെ ഉള്ളടക്കം പ്രസ്തുത അനുമതിപത്രപ്രകാരം സ്വതന്ത്രമായി ഉപയോഗിക്കുന്നതിനും, തിരുത്തുന്നതിനും, പകര്‍ത്തുന്നതിനും, വിതരണം ചെയ്യുന്നതിനും ഏവര്‍ക്കും അവകാശമുണ്ടായിരിക്കും. എല്ലാ സംരംഭങ്ങളിലേക്കുള്ള കണ്ണികളും ശ്രദ്ധിക്കാവുന്നതാണ്.

ശ്രദ്ധിക്കുക — മീഡിയാവിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന പല സൈറ്റുകള്‍ക്കുള്ള സമാനമായ രൂപശൈലിയും അതുപോലെ 'വിക്കി-' അല്ലെങ്കില്‍ '-പീഡിയ' എന്ന പേരിന്റെ ഉപയോഗവും, സമാനമായ ഡൊമെയിന്‍ നാമവും മൂലം പല സൈറ്റുകളും ഞങ്ങളുടെ സംരംഭങ്ങള്‍ പോലെ തോന്നിയേക്കാമെങ്കിലും, വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള സംരംഭങ്ങള്‍ താഴെപ്പറയുന്നവ മാത്രമാണ്.

വിക്കിപീഡിയ

വിക്കിപീഡിയ ലോഗോ
വിക്കിപീഡിയ ലോഗോ

ലോകത്താകമാനമുള്ള ഭാഷകളില്‍ സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സംരംഭമാണ് വിക്കിപീഡിയ. ഇന്റര്‍നെറ്റ് സൗകര്യം ഉള്ള ആര്‍ക്കുംതന്നെ നിക്ഷ്പക്ഷവും അവലംബസഹിതവുമായി വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

2001 ജനുവരിയില്‍ ആരംഭിച്ച വിക്കിപീഡിയ ഇന്ന് 250 ഭാഷകളിലായി ഒരു കോടിയോളം ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഏറ്റവും വലിയ വിക്കിപീഡിയ 20 ലക്ഷത്തിനുമേല്‍ ലേഖനങ്ങള്‍ ഉള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ്; അതിനുശേഷം ഏതാണ്ട് 5 ലക്ഷം ലേഖനങ്ങളുള്ള ജര്‍മ്മന്‍, ഫ്രഞ്ച് വിക്കിപീഡിയകള്‍. ഏതാണ്ട് 9 ഭാഷകളില്‍ ഒരു ലക്ഷത്തിനുമേല്‍ ലേഖനങ്ങളും നൂറിനുമേല്‍ ഭാഷകളില്‍ ആയിരത്തിനുമേല്‍ ലേഖനങ്ങളുമുണ്ട്.

വിക്കിപീഡീയ അതിന്റെ സമൂഹത്തിനും പേരുകെട്ടതാണ്. 2004-ല്‍ വിക്കിപീഡിയ കമ്യൂണിറ്റിക്കുള്ള വെബ്ബി അവാര്‍ഡും പ്രിക്സ് ആഴ്സ് ഇലക്ട്രോണിക്കയുടെ ഡിജിറ്റല്‍ കമ്മ്യൂണിറ്റികള്‍ക്കായുള്ള സുവര്‍ണ്ണ നിക്കായും നേടി. സംരംഭത്തിന്റെ തുടക്കം മുതല്‍ ഏതാണ്ട് 100,000-നു മേല്‍ ഉപയോക്താക്കള്‍ 10 തിരുത്തലുകളെങ്കിലും നടത്തി. [1] ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഉള്ള ഉപയോക്തൃ അക്കൗണ്ടുകളുടെ എണ്ണം തന്നെ 34 ലക്ഷത്തിനുമേല്‍ വരും. എന്നിരുന്നാലും ഏതാണ്ട് ആയിരത്തോളം ഉപയോക്താക്കളാണ് പ്രസ്തുത ഭാഷയിലെ എഡിറ്റുകളുടെ ഭൂരിഭാഗവും നടത്തിയിരിക്കുന്നത്.

പല വിക്കിപീഡിയകളും അവയുടെ പകര്‍പ്പ് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കുകയോ പസിദ്ധീകരിക്കാന്‍ പദ്ധതിയിടുകയോ ചെയ്യാറുണ്ട്. ഡയറക്ട്മീഡിയ പബ്ലീഷിംഗുമായി സഹകരിച്ച് ജര്‍മന്‍ വിക്കിപീഡീയ പ്രതിവര്‍ഷം രണ്ടു ഡി.വി.ഡി.-കള്‍ പുറത്തിറക്കാറുണ്ട്, പോളിഷ് വിക്കിപീഡിയ ഒരു ഡി.വി.ഡി. പുറത്തിറക്കിയിട്ടുമുണ്ട്.


വിക്കിനിഘണ്ടു

വിക്കിനിഘണ്ടു ലോഗോ
വിക്കിനിഘണ്ടു ലോഗോ

വിക്കിനിഘണ്ടു എന്നത് എല്ലാ ഭാഷകളിലും സ്വതന്ത്ര ബഹുഭാഷാ ഉള്ളടക്കത്തോടുകൂടിയ ഓരോ നിഘണ്ടു സൃഷ്ടിക്കാനുള്ള ഉദ്യമമാണ്. എന്നുവച്ചാല്‍ ഓരോ ഭാഷയിലുള്ള വിക്കിനിഘണ്ടു സംരംഭവും പ്രസ്തുത ഭാഷയില്‍ ഏല്ലാ ഭാഷകളിലുമുള്ള വാക്കുകള്‍ക്കുള്ള നിര്‍‌വചനങ്ങളും നല്‍കുന്നതായിരിക്കും. ഇത് പര്യായങ്ങള്‍, പ്രാസങ്ങള്‍, വിവര്‍ത്തനങ്ങള്‍, ഓഡിയോ ഉച്ചാരണങ്ങള്‍, പദോത്പത്തികള്‍, ഉദ്ധരണികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സാധാരണ നിഘണ്ടുവിനേക്കാല്‍ പതിന്മടങ്ങ് വിശാലമായിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പ്രസ്തുത സംരംഭം 2002 ഡിസംബറില്‍ ആരംഭിച്ചശേഷം ജനുവരി 2008-ല്‍ ഏതാണ്ട് 100-ഓളം ഭാഷകളില്‍ 30ലക്ഷത്തിനുമേല്‍ നിര്‍‌വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഏറ്റവും വലിയ നിഘണ്ടു ഫ്രഞ്ച് പതിപ്പാണ്, അതിനുശേഷം ഇംഗ്ലീഷ്, വിയറ്റ്നാമീസ്, ടര്‍ക്കിഷ് എന്നിവയും. ഇവയോരോന്നിലും ഒന്നരലക്ഷത്തിനുമേല്‍ നിര്‍‌വചനങ്ങളുണ്ട്. എട്ടു ഭാഷകളില്‍ ഒരുലക്ഷത്തിനുമേല്‍ നിര്‍‌വചനങ്ങളും ഉണ്ട്. 61 ഭാഷകളില്‍ ആയിരത്തിനുമേലും.

വിക്കിനിഘണ്ടു വിക്കിമീഡിയ കോമണ്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. വിക്കിനിഘണ്ടുവിലും മറ്റു പല സംരം‌ഭങ്ങളിലും ഉച്ചാരണസഹായം നല്‍കാന്‍ പല ശബ്ദ ഫയലുകളും കോമണ്‍സിലേക്ക് അപ്‌ലോഡ് ചെയ്തിരിക്കുന്നു.


വിക്കിചൊല്ലുകള്‍

വിക്കിചൊല്ലുകള്‍ ലോഗോ
വിക്കിചൊല്ലുകള്‍ ലോഗോ

വിക്കിചൊല്ലുകള്‍ പ്രശസ്തരായ വ്യക്തികളുടെയും, പ്രസിദ്ധ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍, ചലച്ചിത്രങ്ങള്‍ അല്ലെങ്കില്‍ സമാനമായ ബൗദ്ധികപ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍നിന്ന് എടുത്തതുമാ‍യ ഉദ്ധരണികളുടെ ഒരു ശേഖരമാണ്. പഴഞ്ചൊല്ലുകള്‍, സ്മരണികകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവയും വിക്കിചൊല്ലുകളില്‍ ഉള്‍പ്പെടുത്താം.

ഈ പ്രസ്ത്ഥാനം 2003 ജൂലൈയില്‍ ആരംഭിച്ചു; 2008 ജനുവരിയോടുകൂടി ഇത് 50 ഭാഷകളിലായി 75,903-ല്‍ പരം താളുകള്‍ ഉള്‍ക്കൊള്ളുന്നു. ഏറ്റവും വലിയ വിക്കിചൊല്ലുകള്‍ ഇംഗ്ലീഷിലാണ് - 15,000-നുമേല്‍ താളുകളോടെ. ജര്‍മന്‍, ഇറ്റാലിയന്‍, പോളിഷ് വിക്കിചൊല്ലുകളില്‍ 5,000-നുമേല്‍ താളുകളുണ്ട്.


വിക്കിപാഠശാല

വിക്കിപാഠശാല ലോഗോ
വിക്കിപാഠശാല ലോഗോ

സ്വതന്ത്ര ഇ-ബുക്കുവകകളായ പാഠപുസ്തകങ്ങള്‍, മാനുവലുകള്‍, സ്വതന്ത്ര വ്യാഖ്യാത പബ്ലിക് ഡൊമെയിന്‍ പുസ്തകങ്ങള്‍ എന്നിങ്ങനെയുള്ളവയുടെ ഒരു ശേഖരമായാണ് വിക്കിപാഠശാല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സര്‍‌വ്വകലാശാലകളിലും ഹൈസ്കൂളുകളിലുമുള്ള വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും (സ്വയം‌)പഠനത്തിനു സഹായം നല്‍കുക എന്നതാണ് ഈ പ്രസ്ഥാനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ജനുവരി 2008-ലെ കണക്കുപ്രകാരം ഏറ്റവും വലിയ പാഠശാല 28,000 പാഠങ്ങളും, രൂപീകരണഘട്ടത്തില്‍പ്പെടുന്ന 3,000-ത്തോളം പാഠങ്ങളും ഉള്‍പ്പെട്ട ഇംഗ്ലീഷ് പാഠശാലയിലാണ്. ജര്‍മനിലും പോര്‍ച്ചുഗീസിലും 5,000 പാഠങ്ങളുണ്ട്. ഈ സംരംഭം ജൂലൈ 2003-ല്‍ തുടങ്ങിയശേഷം ഏതാണ്ട് 50 ഭാഷകളിലായി 84,000 പാഠങ്ങളും രൂപീകരണഘട്ടത്തിലിരിക്കുന്ന 5,000-ഓളം പാഠങ്ങളും ഉള്‍ക്കൊള്ളുന്നു.


വിക്കിഗ്രന്ഥശാല

വിക്കിഗ്രന്ഥശാല ലോഗോ
വിക്കിഗ്രന്ഥശാല ലോഗോ

സ്വതന്ത്രമായി വിതരണം ചെയ്യാവുന്ന കൃതികള്‍ ശേഖരിച്ചുവെയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് 2003 നവംബറില്‍ തുടങ്ങിയ ഒരു ബഹുഭാഷാ പ്രസ്ഥാനമാണ് വിക്കിഗ്രന്ഥശാല. പുരാതന വിശിഷ്ടസാഹിത്യകൃതികള്‍, നിയമങ്ങള്‍, മറ്റു കൃതികള്‍ എന്നിവ ശേഖരിച്ചുവയ്ക്കാന്‍ മാത്രമല്ല, അവ വിവര്‍ത്തനം ചെയ്യാനുള്ള ഒരു രംഗപീഠവും വിക്കിഗ്രന്ഥശാല നല്‍കുന്നു. തുടക്കത്തില്‍ ഹീബ്രു ഒഴികെയുള്ള ഭാഷകളിലുള്ള കൃതികളെല്ലാം ഒറ്റ വിക്കിയിലായിരുന്നു സംഭരിച്ചുവച്ചിരുന്നത്. എന്നാല്‍ നിലവില്‍ വിക്കിഗ്രന്ഥശാല പലഭാഷകളില്‍ നിലവിലുണ്ട്.

ജനുവരി 2008-ലെ കണക്കുപ്രകാരം വിക്കിഗ്രന്ഥശാലയില്‍ 315,000 കൃതികാളുണ്ട്. ഏറ്റവും വലിയ ഗ്രന്ഥശാലയായ ഇംഗ്ലീഷില്‍ 104,000 കൃതികളും.


വിക്കിസ്പീഷീസ്

വിക്കിസ്പീഷീസ് ലോഗോ
വിക്കിസ്പീഷീസ് ലോഗോ

വിക്കിസ്പീഷീസ് ഒരു തുറന്നതും വിക്കിഅധിഷ്ഠിതവും കേന്ദ്രീകൃതവുമായി ജനുസ്സുകളുടെ ശാസ്ത്രീയമായ വര്‍ഗ്ഗീകരണത്തിനായുള്ള ഒരു ഡേറ്റാബേസ് ആണ്. വിക്കിസ്പീഷീസ് പ്രധാനമായും ശാസ്ത്രസമൂഹത്തിലെ ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. ജനുവരി 2008-ല്‍ ഇതില്‍ 125,000 താളുകളുണ്ട്. എന്‍സൈക്ലോപീഡിയാ ഓഫ് ലൈഫ് എന്ന വിജ്ഞനകോശം പുരോഗതിപ്രാപിക്കുന്നതുപ്രകാരം വിക്കിസ്പീഷീസ് അവരുമായി കൂടുതല്‍ സഹകരിച്ചു വര്‍ത്തിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


വിക്കിവാര്‍ത്തകള്‍

വിക്കിവാര്‍ത്തകള്‍ ലോഗോ
വിക്കിവാര്‍ത്തകള്‍ ലോഗോ

ബഹുമുഖവിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ 2004 ഡിസംബറില്‍ രൂപീകരിച്ച പ്രസ്ഥാനമാണ് വിക്കിവാര്‍ത്തകള്‍. ജനുവരി 2008ലെ കണക്കുപ്രകാരം 23 ഭാഷകളില്‍ വിക്കിവാര്‍ത്തകള്‍ സമാരംഭിക്കുകയും മൊത്തം ഏതാണ്ട് 48,000 വാര്‍ത്താതാളുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലെ ചില വിക്കിവാര്‍ത്തകള്‍ക്ക് RSS feedകള്‍ വഴി വരിക്കാരാവാം.

ലോകമൊട്ടുക്കുള്ള ഉപയോക്താക്കള്‍ സഹകരണത്തിലൂടെ വാര്‍ത്താതാളുകള്‍ എഴുതുന്നു. തനതു റിപ്പോര്‍ട്ടുകള്‍, ഇന്റര്‍വ്യൂകള്‍ എന്നിവ മുതല്‍ മറ്റു സ്രോതസുകളില്‍നിന്നൂള്ള വാര്‍ത്തകളുടെ ചുരുക്കവും ലഭ്യമാണ്. എല്ലാ വാര്‍ത്തകളും നിഷ്പക്ഷ വീക്ഷണത്തില്‍നിന്ന് രചിക്കേണ്ടതാണ്.

നിലവില്‍ വിക്കിവാര്‍ത്തകള്‍ക്ക് പ്രധാനമായും രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്: കച്ചവട വാര്‍ത്താ മാധ്യമങ്ങളെ അപേക്ഷിച്ച് ഒരു സ്വതന്ത്ര ഉള്ളടക്കവാര്‍ത്താ സൈറ്റ് നല്‍കുക, അതുപോലെ എഴുതപ്പെടുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഉറപ്പുവരുത്തുകയും നന്നായി അവലോകനവും സംശോധനവും ചെയ്യുക.


വിക്കിസര്‍‌വ്വകലാശാല

വിക്കിസര്‍‌വ്വകലാശാല ലോഗോ
വിക്കിസര്‍‌വ്വകലാശാല ലോഗോ

വിക്കിസര്‍‌വ്വകലാശാല എന്ന പദ്ധതി പഠനസാമഗ്രികള്‍, പഠനോദ്ദേശ്യസമൂഹങ്ങള്‍, ഗവേഷണം എന്നിവയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. 2006 ആഗസ്റ്റ് 15-ന് ഇതൊരു ബീറ്റാ ഘട്ടത്തിലുള്ള ഒരു വിക്കിമീഡിയ സംരംഭമായി, ഇംഗ്ലീഷ്, ജര്‍മന്‍ സര്‍‌വ്വകലാശാലകളും, ഒരു ബഹുഭാഷാ ഏകോപന ഹബും വച്ച് തുടങ്ങി. അതിനുശേഷം ഫ്രഞ്ച്, ഗ്രീക്ക്, ഇറ്റാലിയന്‍, സ്പാനിഷ് വിക്കിസര്‍‌വ്വകലാശാലകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിസര്‍‌വ്വകലാശാല എന്ന പേര്‍ സൂചിപ്പിക്കുന്നതിനുപരി സര്‍‌വ്വകലാശാലാതലത്തിലുള്ള പഠനം മാത്രമല്ല, എല്ലാ തലത്തിലുമുള്ള പഠനവും ഈ സംരംഭം ലക്ഷ്യം വയ്ക്കുന്നു. പഠനം സുഗമമാക്കാനുള്ള വഴികള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു, പക്ഷേ നിലവില്‍ ഇതിന്റെ വിദ്യാഭ്യാസനശൈലി ‘പ്രവൃത്തിയിലൂടെ പഠനം’, ‘അനുഭവത്തിലൂടെ പഠനം’ എന്നീ മാതൃകകളില്‍ കേന്ദ്രീകൃതമാണ്.


വിക്കിമീഡിയ കോമണ്‍സ്

വിക്കിമീഡിയ കോമണ്‍സ് ലോഗോ
വിക്കിമീഡിയ കോമണ്‍സ് ലോഗോ

2004 സെപ്റ്റംബറില്‍ തുടക്കമിട്ട വിക്കിമീഡിയ കോമണ്‍സ് സ്വതന്ത്ര വീഡിയോകള്‍, ചിത്രങ്ങള്‍, ഗാനങ്ങള്‍, ശബ്ദരേഖകള്‍, രൂപരേഖകള്‍, അനിമേഷനുകള്‍ തുടങ്ങി വിക്കിമീഡിയാ സംരംഭങ്ങളില്‍ ആയാസരഹിതമായി പുനഃരുപയോഗിക്കാവുന്ന സ്വതന്ത്ര ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളുടെ ഒരു ശേഖരമാണ്. ഒക്ടോബര്‍ 2007-ല്‍ ഇതില്‍ 20 ലക്ഷത്തോളം മള്‍ട്ടീമീഡിയ ഫയലുകള്‍ ഉണ്ട്, ഇതിന് ഒരു വര്‍ഷത്തില്‍താഴെ മാത്രം സമയം മുമ്പാണ് ഇതില്‍ 10 ലക്ഷത്തോളം ഫയലുകള്‍ ചേര്‍ക്കപ്പെട്ടത്. പല ഭാഷകളില്‍നിന്നുള്ള ഉപയോക്താക്കള്‍ സംഭാവന നല്‍കുന്ന ഈ സംരംഭം വിക്കിമീഡിയാ സംരംഭങ്ങളുടെ കേന്ദ്ര പൊതുസഞ്ചയമാണ്.

മെയ് 2005-ല്‍ നല്‍കപ്പെട്ട 2005 പ്രീ ആഴ്സ് ഇലക്ട്രോണിക്കാ അവര്‍ഡുകള്‍ക്കിടെ വിക്കിമീഡിയാ കോമണ്‍സ് അതിന്റെ ഡിജിറ്റല്‍ കമ്യൂണിറ്റിയുടെ പേരില്‍ ശ്രദ്ധേയമായ പരാമര്‍ശം നേടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി “വിക്കിമീഡിയ കോമണ്‍സിലേക്കു വെളിച്ചം വീശുമ്പോള്‍” എന്ന താള്‍ കാണുക.


ബന്ധപ്പെട്ട സംരംഭങ്ങള്‍

മീഡിയാവിക്കി

മീഡിയാവിക്കി ലോഗോ
മീഡിയാവിക്കി ലോഗോ

മീഡിയാവിക്കി GPL അനുമതിപത്രത്തിനുവിധേയമായി പ്രസിദ്ധീകരിക്കുന്ന ഒരു വിക്കി എഞ്ചിനാണ്. എല്ലാ വിക്കിമീഡിയാ സംരംഭങ്ങളും മറ്റു പല സൈറ്റുകളും മീഡിയാവിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നു.

2005-ല്‍ മീഡിയാവിക്കി പ്രത്യേക പി.എച്.പി. സമ്മാനം എന്ന വിഭാഗത്തില്‍ les Trophées du Libre അവാര്‍ഡ് നേടുകയുണ്ടായി. 2007-ലെ കണക്കുപ്രകാരം മീഡിയാവിക്കി ധാരാളം സൈറ്റുകളില്‍ ഉപയോഗിക്കുന്നു. സോഴ്സ്ഫോര്‍ജ് സോഫ്റ്റ്വെയര്‍ ആര്‍ക്കൈവില്‍നിന്ന് ഈ സോഫ്റ്റ്വെയര്‍ 10 ലക്ഷത്തില്‍‌പരം പ്രാവശ്യം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയാവിക്കി, അതിനെ സംബന്ധിച്ച വിക്കിപീഡിയാ ലേഖനം, അല്ലെങ്കില്‍ മീഡിയാവിക്കി വെബ്സൈറ്റ് എന്നിവ ശ്രദ്ധിക്കാവുന്നതാണ്.


അവലംബം

  1. ഇതില്‍ എത്ര ഉപയോക്താക്കള്‍ പല സംരംഭങ്ങളില്‍ ഒരേസമയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നത് അവ്യക്തമാണ്.